രാജീവ് ഗാന്ധി വധക്കേസ്;പ്രതി പേരറിവാളൻ സമർപ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ജയിൽ മോചനമാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മോചനക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തമിഴ്‌നാട് ഗവര്‍ണറാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി പരിശോധിക്കും. രാജീവ് വധത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടോയെന്ന അന്വേഷണത്തിന്, പേരറിവാളനുമായി ബന്ധമില്ലെന്ന് സിബിഐ അറിയിച്ചിരുന്നു.

ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് പേരറിവാളന്റെ ഹര്‍ജി പരിഗണിക്കുന്നത്. മോചനത്തില്‍ തീരുമാനം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നത്. 30 വർഷമായി ജയിൽ ശിക്ഷയനുഭവിക്കുന്ന പേരറിവാളനെ ഇനിയെങ്കിലും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കമൽഹാസൻ അടക്കമുള്ള ചലച്ചിത്ര താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

കൂടാതെ രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് സേതുപതി ഗവർണർക്ക് കത്തയച്ചിരുന്നു. 19ാം വയസ്സിൽ ജയിലിൽ അടക്കപ്പെട്ട പേരറിവാളന് 26 വർഷങ്ങൾക്ക് ശേഷമാണ് പരോൾ ലഭിച്ചത്.

Top