ഹാദിയ കേസ്: ഷെഫിന്‍ ജഹാനെതിരായ എന്‍ഐഎ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും

hadiya

ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വീട്ടുതടങ്കലില്‍ പീഡനമേറ്റത് ഉള്‍പ്പെടെ ഹാദിയയുടെ ആരോപണങ്ങളില്‍ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച മറുപടി കോടതി പരിശോധിക്കും. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഐഎയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദമുണ്ടായി, ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കാന്‍ ശ്രമിച്ചു, വീട്ടുതടങ്കലില്‍ മര്‍ദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അച്ഛന്‍ അശോകന്‍ അടക്കമുളളവര്‍ക്കെതിരെ ഹാദിയ ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഹാദിയ മതം മാറിയതിലല്ല, ഭീകരവാദ ബന്ധമുള്ളയാളെ വിവാഹം ചെയ്തതിനെയാണ് എതിര്‍ക്കുന്നതെന്ന് അശോകന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു. ഹാദിയയെ ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയാക്കാനും യെമനിലേക്കു കടത്താനും ശ്രമമുണ്ടായി. കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചതു കൊണ്ടുമാത്രമാണു ശ്രമം പരാജയപ്പെട്ടതെന്നും അശോകന്‍ ആരോപിക്കുന്നു.

എന്‍ഐഎ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നും ഭീകരബന്ധമുള്ളയാളെന്ന മട്ടില്‍ ചോദ്യംചെയ്‌തെന്നുമാണു ഹാദിയയുടെ മറ്റൊരു ആരോപണം. വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടു. എന്നാല്‍, ആരോപണങ്ങള്‍ എന്‍ഐഎ നിഷേധിച്ചിരുന്നു.

Top