പി ചിദംബരത്തിന്‍റെ ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹര്‍ജി. എന്‍ഫോഴ്സ്മെന്റിന്റ് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള മറ്റൊരു ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഇമെയില്‍ തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാവും എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തിന്റെ വാദത്തെ എതിര്‍ക്കുക. മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറാന്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ശ്രമിച്ചെങ്കിലും എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതി നിലപാട്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ്.

Top