ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം ; സത്യവാങ്മൂലം ഇന്ന് പരിശോധിക്കും

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബെന്‍സിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി വീണ്ടും പരിശോധിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക.

ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രീംകോടതി ഇന്നലെ സിബിഐ, ഐ ബി, ദില്ലി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അഭിഭാഷകനോട് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി, പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.

പരാതി ഉയര്‍ന്നതിന്റെ വേര് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുളളതെന്നും കോടതിക്ക് കണ്ണുംപൂട്ടി ഇരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കിയിരുന്നു. മുന്‍ ജീവനക്കാരിയുടെ പീഡന പരാതി പരിഗണിക്കപ്പെടാതെ പോകരുതെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.

ഇതിനിടെ തന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് ഈ കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ള അഭിപ്രായ പ്രകടനം നടത്തുന്നതെന്ന് കാണിച്ച് പരാതിക്കാരി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു.

നേരത്തേ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തന്നെ പ്രത്യേക അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്ത് നിഷേധിച്ചിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഗുരുതരമായ കൈകടത്തലുകളുണ്ടാകുന്നുവെന്നും തന്നെ അറവുമാടാക്കി മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു സിറ്റിംഗില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞതാണ്. തുടര്‍ന്നാണ് പരാതിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മൂന്നംഗ ബഞ്ചിലേക്ക് മാറ്റിയത്.

ചീഫ് ജസ്റ്റിസിന് എതിരായ പീഡനാരോപണം അന്വേഷിക്കാന്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ 3 അംഗ സമിതിയെയും ഈ ബഞ്ച് നിയോഗിച്ചിരുന്നു. ഏപ്രില്‍ 21-നാണ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ലൈംഗിക പീഡനാരോപണം ഉന്നയിച്ച് മുന്‍ കോടതി ജീവനക്കാരിയായ യുവതി 22 ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്.

Top