മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ജലനിരപ്പ് 139 അടിയാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി ചോദിച്ചു. നാളെ ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടാന്‍ ഒരുങ്ങുന്നത്. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ശക്തമായ മഴ തുടരുന്ന സന്ദര്‍ഭത്തില്‍ മുല്ലപ്പെരിയാറിലെ അടിയന്തര സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

അഭിഭാഷകന്‍ മനോജ് ജോര്‍ജാണ് സുപ്രീംകോടതിയില്‍ ആവശ്യമുന്നയിച്ചത്. വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ വിഷയം ഉന്നയിക്കാന്‍ രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

മുല്ലപ്പെരിയാറില്‍നിന്ന് സെക്കന്‍ഡില്‍ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.

Top