Supreme Court wants government to consider Uttarakhand trust vote

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്.

കേന്ദ്രസര്‍ക്കാര്‍ നാളെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു.

ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഏപ്രില്‍ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീം കോടതി അന്തിമ വിധി വരുന്ന മെയ് ആറ് വരെ രാഷ്ട്രപതി ഭരണം തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ വാദം നാളെ തുടരും.

മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കൂറുമാറി ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു.

എന്നാല്‍ കൂറുമാറിയ എം.എല്‍.എ.മാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ഹരീഷ് റാവത്ത് സര്‍ക്കാരിന് സഭയില്‍ വീണ്ടും മേല്‍ക്കൈ ലഭിക്കുമെന്ന നിലവന്നു.

മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവേട്ടുതേടാന്‍ റാവത്തിന് ഗവര്‍ണര്‍ കെ.കെ. പോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് രണ്ടു ദിവസം മുമ്പ് മാര്‍ച്ച് 27ന് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Top