പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന്

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നല്‍കാതിരുന്ന ഡെപ്യുട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി തീരുമാനിക്കുക. ഇരു ഭാഗവും വാദം പൂര്‍ത്തിയാക്കി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാല്‍ അത് ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകര്‍ക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങള്‍ക്കും എതിരെ പ്രക്ഷോഭം തുടങ്ങാന്‍ ഇമ്രാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്ത് പകരം ഭരണ സംവിധാനം ആകുംവരെ കാവല്‍ പ്രധാനമന്ത്രി ആയി പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അറിയിച്ചു.

പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെനന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് വാദം കേട്ടത്.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു. അവിശ്വാസം
പരിഗണനയില്‍ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് വാദങ്ങളെയും ഇമ്രാന്‍ ഖാന്റെ അഭിഭാഷകര്‍ ഭരണഘടന ഉദ്ധരിച്ചു തന്നെ എതിര്‍ത്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും കോടതി അംഗീകരിച്ചില്ല.

എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട് ഭരണഘടനാ പരമായി വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12 നു കോടതി വാദം തുടരും. അതേസമയം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സൈന്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് സൈനിക വക്താവ് ബാബര്‍ ഇഫ്തികാര്‍ പ്രതികരിച്ചു. അധികാരത്തില്‍ ഇടപെടില്ലെന്ന് പുറമേയ്ക്ക് പറയുമ്പോഴും രാജ്യത്തെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പാക് സൈന്യം.

പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ തുടരുന്നുണ്ട്. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വിമര്‍ശനം ഇന്നലെ പ്രധാന പാക് പത്രങ്ങള്‍ എല്ലാം ഉന്നയിച്ചു. ഏകാധിപതിയുടെ ഭാവത്തിലേക്ക് മാറിയ ഇമ്രാന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. പാക് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതീകാത്മക അവിശ്വാസം പാസാക്കി. തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പലയിടത്തും ഇമ്രാന്‍ അനുകൂലമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു.

Top