പ്രവാസികളെ ഉടനെ നാട്ടിലെത്തിക്കാന്‍ സാധിക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന പറഞ്ഞ കോടതി കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

എം.കെ. രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് വൈറസ് പടരുന്നതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ സംബന്ധിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ എം.കെ. രാഘവനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.

ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു. ഇറാനില്‍ 6000 മത്സ്യ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനുമതി വേണമെന്ന് തുഷാര്‍മേത്ത കോടതിയോട് ആവശ്യപ്പെട്ടു.

Top