റഫാല്‍ ഇടപാട്: റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുനഃപരിശോധനാഹര്‍ജികളില്‍ നാളെ സുപ്രീം കോടതി വിധി പറയും. ശബരിമല യുവതീപ്രവേശ വിഷയത്തിലെ നിര്‍ണായക വിധിക്കു പുറമെയാണു റഫാലിലും സുപ്രീം കോടതി ഇതേ ദിവസം തന്നെ വിധി പറയുക. ഇതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പുണ്ടാകും. വിരമിക്കാന്‍ രണ്ടുനാള്‍ കൂടി മാത്രമാണ് ജീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുള്ളത്.

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍ എത്തിയത്. കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. റഫാല്‍ വിഷയത്തെക്കുറിച്ച് ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്നും അതു പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയില്‍ കോടതി പറഞ്ഞത്.

റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ ബിജെപി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക.

Top