നോട്ട് നിരോധനം പരിശോധിക്കാൻ സുപ്രീംകോടതി: കേന്ദ്രത്തിനും ആര്‍ബിഐക്കും നോട്ടീസ് അയച്ചു

ഡൽഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിർദേശം. ഹർജികൾ അടുത്തമാസം 9 ന് വീണ്ടും പരിഗണിക്കും . നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹരജികളിൽ ആരോപിക്കുന്നു.

സർക്കാർ എടുക്കുന്ന നയപരമായ തീരുമാനങ്ങൾ പരിശോധിക്കുന്നതിൽ ജുഡീഷ്യറിക്കുള്ള ലക്ഷമണരേഖയെക്കുറിച്ച് അറിയാമെന്നും എങ്കിലും 2016-ലെ നോട്ട് നിരോധനത്തെ ഒരു അക്കാദമിക് വിഷയം മാത്രമായി കണ്ടു തള്ളാനാവില്ലെന്നും ജസ്റ്റിസ് എൻ.എ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഒരു പ്രശ്‌നം ഉയർന്നുവരുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ട കടമ തങ്ങൾക്കുണ്ടെന്നും ബെഞ്ചിൽ നിന്നും പരാമർശമുണ്ടായി.

Top