അയോധ്യ കേസ് ഇന്ന് സുപ്രിംകോടതിയില്‍; മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തർക്കക്കേസ് സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. മധ്യസ്ഥ ചർച്ചക്ക് ഉത്തരവിട്ട ശേഷം ആദ്യമായാണ് കേസ് കോടതിയുടെ മുന്നിൽ വരുന്നത്. മധ്യസ്ഥ ചർച്ചയുടെ ഇടക്കാല റിപ്പോർട്ട് കോടതി പരിഗണനക്ക് എടുത്തേക്കും. അലഹബാദ് കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മാർച്ച് മാസം എട്ടാം തീയതിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

യുപി സര്‍ക്കാര്‍ നല്‍കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി രാംജന്മഭൂമി ന്യാസിന്റേയും സുന്നി വഖഫ് ബോര്‍ഡിന്റേയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനാലാണ് മധ്യസ്ഥ ചര്‍ച്ച കോടതി നിർദേശിച്ചത്.

നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നായിരുന്നു നിബന്ധന. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിരുന്നു അതുവരെ മധ്യസ്ഥ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

Top