370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും വ്യക്തികളുടെയുമായി ഒരു ഡസനിലധികം ഹർജികളാണ് കോടതിക്ക് മുമ്പിലുള്ളത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞ മോദി സര്‍ക്കാര്‍ നടപടി റദ്ദാക്കണം, മേഖലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ബന്ധം പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത കര്‍ഫ്യു പിന്‍വലിക്കണം, നേതാക്കളെ കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കണം, മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെണം ഇവയാണ് സുപ്രീംകോടതിക്ക് മുന്നിലുള്ള ഹര്‍ജികളിലെ പ്രധാന ആവശ്യങ്ങള്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണിയും ഹസ്‌നയിന്‍ മസൂദിയും പൊതുപ്രവര്‍ത്തകനായ മനോഹര്‍ലാല്‍ ശര്‍മയും അടക്കമുള്ളവരാണ്അനുച്ഛേദം 370 എടുത്തു കളഞ്ഞതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചവര്‍.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇന്ന് പരിഗണിക്കും. കശ്മീരില്‍ സമ്പൂര്‍ണ മാധ്യമ നിയന്ത്രണമാണെന്ന കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്റെ ഹര്‍ജിയും പരിഗണനക്ക് വരും. എന്നാല്‍ ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ രാജ്യ സുരക്ഷയുടെ ഭാഗം ആണെന്ന നിലപാട് വിവാദമായതോടെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ തിരുത്തി. മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും പാടില്ല എന്ന് കൗണ്‍സില്‍ പ്രതികരിച്ചിരുന്നു. സുപ്രിം കോടതിയിലും ഇത് ആവര്‍ത്തിക്കും.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിന് മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Top