ലാവ്‌ലിൻ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിൻ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. പലതവണ അവധിക്ക് വെക്കുകയും ബെഞ്ച് മാറുകയും ചെയ്ത ശേഷമാണ് നാളെ കേസ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്.

2017 ഒക്ടോബറിലാണ് ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്ക്ക് വന്നത്. ഓഗസ്റ്റ് 27 നാണ് കേസ് ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ എന്നിവരുടെ ബെഞ്ചിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്

കഴിഞ്ഞ തവണ ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയും ഹര്‍ജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെ കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ വന്നതും നാളെ പരിഗണിക്കാന്‍ പോകുന്നതും

Top