ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണ ഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും നിയമ കമീഷന്റെയും വിശദീകരണം കോടതി തേടും. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിമാരാണ് ഇതുസംബന്ധിച്ച നാല് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയുടെ അടക്കമുള്ള ആചാരങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു ഹര്‍ജികള്‍.

ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. പുരുഷന്‍മാര്‍ക്കുള്ള ഈ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ബി.ജെ.പി നേതാവ് അശ്വിനി ഉപദ്ധ്യായായ്, സമീന ബീഗം, നഫീസ ബീഗം, മുഹ്‌സിന്‍ കാദ് രി എന്നിവരാണ് ഹര്‍ജിക്കാര്‍. മുത്തലാഖ് നിയമവിരുദ്ധമായി സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. അതേസമയം, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നീ വിഷയങ്ങള്‍ അന്ന് കോടതി പരിഗണിച്ചിരുന്നില്ല.

മൂന്ന് കുട്ടികളുടെ മാതാവായ ഡല്‍ഹി സ്വദേശിയായ സമീന ബീഗമാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് നിയമസാധുതയുള്ള ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

Top