supreme court-demonetisation of 500,1000-notes

ന്യൂഡല്‍ഹി: 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടരുതെന്ന് കോടതി പറഞ്ഞു. നോട്ട് പിന്‍വലിച്ചപ്പോള്‍ പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന കാര്യം ഈ മാസം 25ന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടായതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നുണ്ട്. സാധാരണക്കാരന് അവന്റെ പണം വിനിയോഗിക്കുന്നതിന് ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, നോട്ടുകള്‍ അസാധുവാക്കാന്‍ തീരുമാനിച്ചത് കള്ളപ്പണക്കാരെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.

സാധാരണ ജനങ്ങള്‍ ഈ നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ല. അവരുടെ പണത്തിന് യാതൊരു കുഴപ്പവും സംഭവിക്കില്ല. സര്‍ക്കാരിന്റെ നടപടി കൊണ്ട് ഭയപ്പെടേണ്ടത് കള്ളപ്പണക്കാരും അനധികൃത പണം സൂക്ഷിക്കുന്നവരുമാണ്.

ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് മാറിയെടുക്കുന്നതിന് നോട്ടുകള്‍ റിസര്‍വ് ബാങ്ക് എത്തിച്ചിട്ടുണ്ട്. എ.ടി.എമ്മുകളിലും പണം നിറയ്ക്കുന്നുണ്ട്. പണം തീരുന്ന മുറയ്ക്ക് എ.ടി.എമ്മുകളില്‍ വീണ്ടും നോട്ടുകള്‍ നിറയ്ക്കുന്നുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.

Top