ഫ്ലാറ്റ് പൊളിക്കാന്‍ സുപ്രിം കോടതി നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ഈ മാസം ഇരുപതിനകം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏത് വിധത്തില്‍ വേണമെന്ന കാര്യത്തിലാണ് ആശയക്കഴപ്പം തുടരുന്നത്.

സുപ്രീംകോടതി വിധി വന്നതിന് ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ടാണോ അതോ ഫ്‌ളാറ്റുകള്‍ എന്ന് പൊളിക്കാനാകുമെന്നാണോ റിപ്പോര്‍ട്ട് നല്‍കേണ്ടത് എന്നതില്‍ തീരുമാനം ആയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തായിരുന്ന ചീഫ് സെക്രട്ടറി ഇന്ന് തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.

അതേസമയം ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കാനായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ നീക്കം. എന്നാല്‍ മരട് കേസില്‍ ഇനി യാതൊരു ഹര്‍ജിയും സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അത്‌കൊണ്ട് തന്നെ നഗരസഭ സെക്രട്ടറിയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കിയാല്‍ ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി രജിസ്ട്രിക്കും സംശയമുണ്ട്. ഇക്കാര്യത്തില്‍ ഫ്‌ളാറ്റ് ഉടമകളുടെ അഭിഭാഷകര്‍ തന്നെ സംശയം പ്രകടിപ്പിച്ചതാണ് ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകാന്‍ കാരണം.

Top