ശബരിമല യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല; ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയിലേയ്ക്ക് മാറ്റിയതായി സുപ്രീംകോടതി.

ജനുവരി 22നായിരിക്കും കേസ് പരിഗണിക്കുക. സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാറിനും ദേവസ്വംബോര്‍ഡിനും നോട്ടീസ് നല്‍കും.നിലവില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടില്ല.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 49 പുനഃപരിശോധന ഹര്‍ജികളായിരുന്നു പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പുനഃപരിശോധന ഹര്‍ജികള്‍.

ഭരണഘടന ബെഞ്ചിന്‌റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറഞ്ഞിരുന്നു. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഇരുന്നായിരുന്നു ജഡ്ജിമാര്‍ പരിശോധിച്ചത്. ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

2018 സെപ്റ്റംബര്‍ 28നായിരുന്നു യുവതികള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി എത്തിയത്.

പുന:പരിശോധന ഹര്‍ജികളിലെ വാദങ്ങള്‍ ഇങ്ങനെയാണ്

1. ഭരണഘടനയുടെ 14ാം അനുഛേദം അനുസരിച്ച് ആചാരനുഷ്ഠാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും

2. വിഗ്രഹാരാധന ഹിന്ദു മതത്തില്‍ അനിവാര്യം. വിഗ്രഹത്തിനുള്ള അവകാശം സംരക്ഷിക്കണം

3. നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പത്തിന്റെ പ്രത്യേകകതകള്‍ പരിഗണിച്ചില്ല.

4.അയ്യപ്പ ഭക്തന്‍മാര്‍ പ്രത്യേക മതവിദാഗം ആണോ അല്ലയോ എന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല

5. അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം സ്ഥാപിക്കുന്ന പൗരാണിക തെളിവുകള്‍ പരിഗണിച്ചില്ല.

6 വിശ്വാസത്തിന്റെ ഭരണഘടനാവകാശം നിഷേധിച്ചു.

Top