യുക്രെയ്നിലെ വിദ്യാര്‍ത്ഥികൾക്ക് യുദ്ധ ഇരകളുടെ പദവി നൽകുന്നതിൽ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി

ദില്ലി: യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി. ഹർജിക്കാരുടെ വാദം പരിഗണിച്ചാണ് കോടതി നടപടി. കേസ് അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും

യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ വിദ്യാർത്ഥികൾക്ക് നൽകണം. ഇതിനായി യുദ്ധ ഇരകളായി ഇവരെ പ്രഖ്യാപിക്കണം. ഈ പരിഗണന ലഭിച്ചാൽ മറ്റു രാജ്യങ്ങളിൽ തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും ഹർജിക്കാർ വാദിച്ചു.

തുടർന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തിൽ കേന്ദ്രസ‍ര്‍ക്കാരിൻ്റെ നിലപാട് തേടിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 15,783 വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിക്കുന്നതെന്നും ഇതിൽ 14973 പേർ ഓൺലൈനായി പഠന തുടരുന്നതായും കേന്ദ്രം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 640 വിദ്യാർത്ഥികൾ നിലവിൽ യുക്രൈനിൽ തുടരുകയാണ്, 170 പേർ മറ്റു രാജ്യങ്ങളിലേക്ക് പഠനം മാറ്റി.

Top