‘എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണം, സെലക്ടീവായിരിക്കരുത്’:ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും എസ്ബിഐയെയും അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇലക്ടറല്‍ ബോണ്ടുമായിമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണം. കോടതി നിര്‍ദേശിച്ചാല്‍ മാത്രമേ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ബോണ്ടുകള്‍ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആല്‍ഫാന്യൂമെറിക് നമ്പറും ബോണ്ടുകളുടെ സീരിയല്‍ നമ്പറും ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും എസ്ബിഐ വെളിപ്പെടുത്തേണ്ടതുണ്ട്. വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്ന് വ്യക്തമാക്കി എസ്ബിഐ ചെയര്‍മാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിനായി മാര്‍ച്ച് 21 വ്യാഴാഴ്ച വൈകുന്നേരം 5 മാണി വരെ സമയം അനുവദിക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.

”എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് വിധിയില്‍ വ്യക്തമാണ്…സെലക്ടീവായിരിക്കരുത്. ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയല്ല നിങ്ങള്‍ ഹാജരാകുന്നതെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഈ കോടതിയുടെ വിധി അനുസരിക്കാന്‍ എസ്ബിഐ ബാധ്യസ്ഥനാണ്” ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

തെരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ചു നല്‍കിയ വിവരങ്ങള്‍ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ എസ്ബിഐക്കു നോട്ടിസ് നല്‍കിയിരുന്നു. കോടതി ആവശ്യപ്പെട്ടാല്‍ മാത്രം ചില വിവരങ്ങള്‍ നല്‍കാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാല്‍ എല്ലാ വിവരങ്ങളും എല്ലാ വിവരങ്ങളും നല്‍കിയേ മതിയാകൂ എന്നും കോടതി പറഞ്ഞു.

Top