ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പ്രതിയായ ഉദ്യോ​ഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ദില്ലി : കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിലെ പ്രതിയായ വനം വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. കേസിലെ പതിനൊന്നാം പ്രതിയും മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനുമായ ബി രാഹുൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് ഉടൻ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശം. രാഹുൽ നൽകിയ മൂൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് നടപടി. കള്ളക്കേസിൽ ആദിവാസി യുവാവ് സരുണിനെ ഉൾപ്പെടുത്തിയെന്ന പരാതിയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ രാഹുലിൻ്റെ വാദം. രാഹുലിനായി മുതിർന്ന അഭിഭാഷകൻ ജയദ്ദീപ് ഗുപ്ത, അഭിഭാഷകൻ ജിഷ്ണു എം എൽ എന്നിവരാണ് ഹാജരായത്. ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയെന്നാണ് പരാതി. 2022 സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഇത്.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് സരുണിന് എതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് കണ്ടെത്തിയത്. തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡും ചെയ്തിരുന്നു. കള്ളക്കേസെടുത്ത നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി നൽകിയ പരാതിയിൽ 13 വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.

Top