Supreme Court STATEMENT AGAINST JELLIKKETT

ഡല്‍ഹി: അയ്യായിരം വര്‍ഷം പഴക്കമുള്ള പാരമ്പര്യത്തിന്റെ പേരില്‍ ജെല്ലിക്കെട്ട് നിരോധിക്കരുതെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി.

ജെല്ലിക്കെട്ട് തുടരണമോ എന്ന കാര്യം നിയമപരമായി മാത്രമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

നിയമപ്രകാരമോ അല്ലാതെയോ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യം ഭരണഘടനാപരവും നിയമാനുസൃതവുമാണെന്നും കോടതി നിരീക്ഷിച്ചു.

ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ ഓഗസ്റ്റ് 23ന് കോടതി അന്തിമവാദം ആരംഭിക്കും.

അയ്യായിരം വര്‍ഷം പഴക്കമുള്ള ആചാരമായ ജെല്ലിക്കെട്ട് നിരോധിക്കരുതെന്നായിരുന്നു കോടതിയില്‍ തമിഴ്‌നാടിന്റെ വാദം. എന്നാല്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള ആചാരമെന്നതിന്റെ പേരില്‍ മാത്രം ഇത് നിരോധിക്കാതിരിക്കാന്‍ ആവുമോ എന്നും കോടതി ചോദിച്ചു.

പാരമ്പര്യത്തിന്റെ പേരില്‍ മാത്രം ആചാരത്തെ ന്യായീകരിക്കാനാനാവില്ല. ശൈശവ വിവാഹം പണ്ടു മുതല്‍ക്ക് ഉണ്ടായിരുന്നുവെന്നതിന്റെ പേരില്‍ ഇത് അംഗീകരിക്കാന്‍ കോടതിക്ക് ആവുമോ എന്നും വാദം കേള്‍ക്കവെ കോടതി ചോദിച്ചു.

2014 മേയിലാണ് സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ടും കാളയോട്ട മത്സരവും നടത്താന്‍ ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ഇതിനെതിരെ പീപ്പിള്‍സ് ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ദി ആനിമല്‍സാണ് കോടതിയെ സമീപിച്ചത്.

സ്‌പെയിനില്‍ കാളപ്പോരിനു ശേഷം കാളകളെ കൊല്ലുന്നതു പോലെയല്ലെങ്കിലും ജെല്ലിക്കെട്ടിനു മുന്‍പായി ശൗര്യം കൂട്ടാനായി കാളകലുടെ കണ്ണില്‍ മുളകുപൊടി വിതറുന്നതും നഖങ്ങള്‍ക്കിടയില്‍ സൂചിയും കുപ്പിച്ചില്ലുകളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുന്നതും പിന്നീട് കാളകളില്‍ ഗുരുതരമായ മുറിവുകളുണ്ടാക്കി മരണപ്പെടാന്‍ വരെ സാധ്യത ഉണ്ടെന്നായിരുന്നു വാദം.

Top