വിദേശ സംഭാവന ചട്ടം ലംഘിച്ചു; മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

ന്യൂഡല്‍ഹി: വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാരോപിച്ച് അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെ ഡല്‍ഹിയിലെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയാണ് ഇന്ദിര ജയ്‌സിംഗ്.

ഇന്ദിര ജെയ്സിംഗിനും ഭര്‍ത്താവ് ലോയേഴ്സ് കളക്ടീവ് പ്രസിഡണ്ടും അഭിഭാഷകനുമായ ആനന്ദ് ഗ്രോവറും വിദേശ സംഭാവന ഉപയോഗിച്ച് വിമാന യാത്രകള്‍, ധര്‍ണകള്‍,എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്നാണ്‌ സിബിഐ ആരോപിക്കുന്നത്‌.

ഇന്ദിര ജെയ്സിംഗ് സ്ഥാപിച്ച സന്നദ്ധ സംഘടനയായ ലോയേഴ്സ് കളക്ടീവിനെതിരെ 2016ല്‍ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തു.

എന്നാല്‍ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരായ കേസിലും മോദി സര്‍ക്കാരിനെതിരെയും നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്‌സ് കളക്ടീവിന്റെ പ്രതികരണം.

Top