അതിഥി തൊഴിലാളികളുടെ കുട്ട പലായനം; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ഡല്‍ഹിയില്‍ അതിഥി തൊഴിലാളികള്‍ കുട്ട പലായനം നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹര്‍ജികള്‍ പരിഗണിച്ചത്.

പ്രശ്‌നത്തില്‍ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കാനില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഭയവും പരിഭ്രാന്തിയും കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.

വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ തൊഴിലാളികളുടെ പലായനം തടയണമെന്നും തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷേമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സുപ്രീം കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ലോക്ഡൗണിനിടെ അതിഥി തൊഴിലാളികളുടെ സഞ്ചാരം തടയാന്‍ സംസ്ഥാന അതിര്‍ത്തിയും ജില്ലാ അതിര്‍ത്തികളും അടയ്ക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം, താമസ സൗകര്യം എന്നിവ ഏര്‍പ്പാടാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

Top