ബിജെപിക്ക് തിരിച്ചടി; ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചെന്ന് സുപ്രീംകോടതി

ഡല്‍ഹി: ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. മേയര്‍ തെരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി. എഎപി കോണ്‍ഗ്രസ് സഖ്യം വിജയിച്ചതായും സുപ്രീംകോടതി പ്രഖ്യാപിച്ചു. ബാലറ്റ് അസാധുവാക്കാന്‍ വരണാധികാരി ശ്രമിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി ബിജെപി നേതാവായ വരണാധികാരി അനില്‍ മസിക്കെതിരെ നടപടിക്കും നിര്‍ദ്ദേശിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബിജെപിയുടെ നാടകീയ നീക്കങ്ങള്‍ക്കാണ് കോടതിയില്‍ കനത്ത തിരിച്ചടിയുണ്ടായത്.

ചണ്ഡിഗഢില്‍ നടന്ന മേയര്‍ തെരഞ്ഞെടുപ്പിലെ നാടകീയ നീക്കങ്ങള്‍ക്കെതിരെ സുപ്രീംകോടതി ഇന്നലെ ആഞ്ഞടിച്ചിരുന്നു. നഗരസഭയില്‍ ആംആദ്മിപാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന് ഇരുപത് അംഗങ്ങളുണ്ട്. ബിജെപിക്ക് എംപിയായ കിരണ്‍ഖേറിന്റെയും അകാലിദളിന്റെ ഒരംഗത്തിന്‍െയും വോട്ടു കൂടി ചേര്‍ക്കുമ്പോള്‍ 16 പേരുടെ പിന്തുണയാണുള്ളത്. എന്നാല്‍ എട്ട് കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവാക്കിയാണ് ബിജെപി മേയര്‍ സ്ഥാനം ജനുവരി മുപ്പതിന് പിടിച്ചെടുത്തത്. വരണാധികാരിയായ ബിജെപി നോമിനേറ്റഡ് കൗണ്‍സിലര്‍ അനില്‍ മസിഹ് ബാലറ്റുകളില്‍ വരച്ച് വികൃതമാക്കി ഇത് അസാധുവാക്കിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന് മുമ്പാകെ ഇന്ന് ഹാജരായ അനില്‍ വസിഹ് ബാലറ്റുകളില്‍ താന്‍ ഗുണന ചിഹ്നമിട്ടു എന്ന് സമ്മതിച്ചു. അസാധുവായ ബാലറ്റുകള്‍ തിരിച്ചറിയാന്‍ ഇത് ചെയ്‌തെന്നായിരുന്നു വാദം. എന്നാല്‍ ഈ നടപടി നിയമവിരുദ്ധം സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാദം കേള്‍ക്കുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ബിജെപി മേയര്‍ മനോജ് സോന്‍കര്‍ രാജിവച്ചിരുന്നു. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ മൂന്ന് കൗണ്‍സിലര്‍മാരെ കാലുമാറ്റി ബിജെപി നഗരസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കി. ഇപ്പോള്‍ കാണുന്ന കുതിരകച്ചവടം അത്യന്തം ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു.

ബിജെപി നടത്തിയത് വൃത്തികെട്ട തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും സുപ്രീംകോടതി ജനാധിപത്യത്തെ രക്ഷിച്ചുവെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ചണ്ഡീഗഡിലേത് മോദി-അമിത് ഷാ ഗൂഢാലോചനയുടെ മഞ്ഞ്മലയുടെ അറ്റം മാത്രമാണിത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് നിര്‍ണായകമെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

Top