ബൊഫേഴ്‌സ് കേസ് ; ഒക്ടോബറില്‍ അന്തിമ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബൊഫേഴ്‌സ് കേസില്‍ അന്തിമവാദം ഒക്ടോബര്‍ അവസാന വാരം കേള്‍ക്കുമെന്ന് സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് ഒക്‌ടോബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.

ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് തീരുമാനം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പൊതുജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ കേസാണ് ബൊഫേഴ്‌സ്.

1986 ലാണ് തോക്കുകള്‍ സൈനിക ആയുധങ്ങള്‍ വാങ്ങാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ എ ബി ബൊഫോഴ്‌സുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്.

437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന വെളിപ്പെടുത്തല്‍ വന്‍വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.

സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ബൊഫേഴ്‌സ് അഴിമതി പുറത്തുകൊണ്ടുവന്നത്.

Top