കങ്കണയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവട്ടിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത സിഖ് കര്‍ഷകരെ ‘ ഖാലിസ്ഥാനി തീവ്രവാദികള്‍’എന്ന് വിളിച്ച അവരുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുടെ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.

സാമൂഹ്യ മാധ്യമങ്ങളിലെ ഒരു പോസ്റ്റില്‍ ‘ നിഷ്‌കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചുവെന്ന്’ആരോപിച്ച് അവരുടെ ഭാവി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജിക്കാരന്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന് നിയമനടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

താന്‍ കര്‍ഷകസമരസ്ഥലത്ത് പോയിട്ടുണ്ടെന്നും അവിടെ ‘ഖാലിസ്ഥാനിയായ’ ഒന്നും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരന്‍ ചന്ദര്‍ജിത് സിംഗ് ചന്ദര്‍പാല്‍ പറഞ്ഞു. കര്‍ഷകരുടെ പൊതു വിഷയത്തിലാണ് സമരം നടന്നതെന്നും എന്നാല്‍ റണാവട്ട് സ്ഥിരമായി വിദ്വേഷജനകമായ പോസ്റ്റുകളാണ് പങ്കുവെക്കുന്നതെന്നും ഹരജിക്കാരന്‍ പറഞ്ഞു.

 

Top