മഹാരാഷ്ട്രയില്‍ അടിയന്തര ഇടപെടൽ നടത്തിലെന്ന് സുപ്രീംകോടതി

ഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ സുപ്രീംകോടതി അടിയന്തര ഇടപെടലിന് വിസമ്മതിച്ചു. മഹാരാഷ്ട്രയിലെ വിഷയങ്ങളോട് കണ്ണടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജികള്‍ ജൂലൈ 11ന് വീണ്ടും പരിഗണിക്കും.

വിമതരെ അയോഗ്യരാക്കണമെന്നും നാളെ സഭയില്‍ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, അടിയന്തര ഇടപെടലിന് കോടതി വിസമ്മതിച്ചതോടെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലാതായി.

ഏക്നാഥ് ഷിന്‍ഡെ അടക്കം 16 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ഹർജി നേരത്തെ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ട്. ഇവരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുത് എന്ന ആവശ്യവുമായി രണ്ടാമത് ഹരജി നല്‍കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. രാത്രി ഏഴരക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ.

ബി.ജെ.പിയുടെ 106 പേരുടെയും 39 വിമതരുടെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 16 എം.എല്‍.എമാരുടെയും പിന്തുണ കത്താണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നാളെ വിശ്വാസവോട്ട് നേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്നുതന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. ഗോവയില്‍ കഴിയുന്ന വിമത എം.എല്‍.എമാര്‍ വിശ്വാസ വോട്ടിനേ എത്താന്‍ സാധ്യതയുള്ളൂ.

Top