വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്താത്ത വിഷയത്തില്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. കേന്ദ്രത്തിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകളില്‍ ഒഴിവുകള്‍ നികത്താത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകള്‍ നികത്തുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍, കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ നാല് ഒഴിവുകളാണുള്ളതെന്നും അതു നികത്തുന്നതിനായി പത്രപ്പരസ്യം ചെയ്തിട്ടുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കാനാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Top