Supreme Court Reserves Order On Plea Seeking Appointment Of Lokpal

ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ നിയമനം സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

സുപ്രീംകോടതിയില്‍ ലോക്പാല്‍ നിയമനം ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമണ്‍കോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ നിര്‍വചനം സംബന്ധിച്ച ദേഭഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്ന ഭേദഗതി പാസാവാതെ ലോക്പാല്‍ നിയമനം നടക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയെ അറിയിച്ചു.

ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ട് 2013 പ്രകാരം ലോക്‌സഭ പ്രതിപക്ഷ നേതാവും ലോക്പാല്‍ നിയമന പാനല്‍ അംഗമാണ്. നിലവില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ല. ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നിശ്ചിത എണ്ണം എംപിമാരില്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവ് പദവി നല്‍കിയിട്ടില്ല.

സര്‍ക്കാര്‍ ബോധപൂര്‍വം ലോക്പാല്‍ നിയമനം വൈകിക്കുകയാണെന്ന് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച കോമണ്‍കോസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. പാര്‍ലമെന്റ് 2013 ല്‍ ലോക്പാല്‍ പാസാക്കിയെങ്കിലും 2014 ലാണ് നിലവില്‍ വന്നത്. കാലതാമസം വരുത്താതെ ലോക്പാല്‍ നിയമനം നടത്തണമെന്ന് ലോക്പാല്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top