ലോക്ക് ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി; ബിഎസ് വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ അവസാനിച്ച് പത്ത് ദിവസത്തില്‍ ഇപ്പോള്‍ വിറ്റഴിക്കാത്ത ബിഎസ് ഫോര്‍ വാഹനങ്ങളില്‍ 10 ശതമാനം വില്‍ക്കാമെന്ന് സുപ്രീംകോടതി. ഇവയുടെ രജിസ്‌ട്രേഷന്‍ വാങ്ങി പത്തുദിവസത്തില്‍ പൂര്‍ത്തിയാക്കണം. മാര്‍ച്ച് 31 വരെയായിരുന്നു ബിഎസ് ഫോര്‍ (ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്) വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി.

ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ് അനുവദിച്ചത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് ഫോര്‍ വാഹനങ്ങള്‍ നിരോധിക്കുന്നത്. ബിഎസ് സിക്‌സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂവെന്നു എന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് സുപ്രീംകോടതി മുമ്പ് നിര്‍ദേശിച്ചത്.

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും പുറത്ത് വരുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക.

Top