ഹിൻഡൻബെർഗ് റിപ്പോർട്ട്: വാർത്തകൾ നൽകാം, മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

ദില്ലി : ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം ഒരു നിർദ്ദേശവും കോടതികൾക്ക് നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്ന് കാട്ടി അഭിഭാഷകൻ എം എൽ ശർമ്മ നൽകിയ ഹർജി പരാമർശിച്ചപ്പോളാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്.

അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനത്തിനായുള്ളതാണ് സമിതി. സമിതിയെ കുറിച്ച് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു. മുദ്രവച്ച കവറിൽ സർക്കാർ നൽകിയ പേരുകൾ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.

Top