നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ നടക്കേണ്ട NEET, JEE പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡിന് ഇടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. പരീക്ഷകള്‍ നീട്ടിവെച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തില്‍ ആക്കാന്‍ കഴിയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

കോവിഡിന് എതിരായ വാക്സിന്‍ തയ്യാറാകുന്നത് വരെ NEET, JEE പരീക്ഷകള്‍ നീട്ടിവെക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വാക്സിന്‍ ഉടന്‍ തയ്യാറാകും എന്ന് വ്യക്തമാക്കിയതായും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരീക്ഷ നീട്ടിവയ്ക്കുന്നതിനെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് വേണ്ടി ഹാജര്‍ ആയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നീറ്റ് പരീക്ഷ നടത്താം എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് ഉറപ്പ് നല്‍കി. കോടതി മുറികള്‍ പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിവരുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ഥിതി സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നല്ലത് പോലെ അറിയാം. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കി.

അതിനാല്‍ പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു സെപ്റ്റംബര്‍ 13 ന് ആണ് NEET പരീക്ഷ. സെപ്റ്റംബര്‍ ആദ്യ വാരം ആണ് JEE പരീക്ഷ. JEE പരീക്ഷ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും നടക്കുക.

Top