കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ നൽകാനാകില്ല, സുപ്രീംകോടതി ഹർജി തള്ളി

ഡൽഹി: കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി.
2018 ഡിസംബര്‍ 12 ന് ചേര്‍ന്ന കൊളീജിയം യോഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോകൂറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. യോഗത്തില്‍ രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ കാര്യം തീരുമാനിച്ചു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി എന്നായിരുന്നു ജസ്റ്റീസ് മദന്‍ ബി. ലോകൂറിന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ അന്തിമ തീരുമാനം മാത്രമേ പരസ്യപ്പെടുത്താന്‍ കഴിയു എന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് എം.ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.

11 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലം മാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലമാറ്റം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നിയമനത്തിന് കൊളീജീയം ശുപാർശ അടക്കം പരിഗണനയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള 146 ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ വ്യത്യസ്ത ഘട്ടങ്ങളിലാണെന്നും സർക്കാർ അറിയിച്ചു. ഇതിൽ കേരള ഹൈക്കോടതിയിലേക്കുള്ള രണ്ട് ജഡ്ജിമാരുടെ പേരുകളുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖർഗെ, ജോൺ ബ്രിട്ടാസ് എംപിമാരുടെ ചോദ്യത്തിനാണ് മറുപടി. ജഡ്ജിമാരുടെ നിയമനത്തിനായി മുൻപ് കൊണ്ടുവന്ന ജുഡീഷ്യല്‍ നിയമന കമ്മറ്റി പുനസ്ഥാപിക്കാൻ ആലോചനയില്ലെന്നും നിയമമന്ത്രി നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

Top