ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി; ഹാര്‍ദിക് പട്ടേലിന് തിരിച്ചടി

ന്യൂഡല്‍ഹി: പട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് തിരിച്ചടി. തനിക്കെതിരായ കീഴ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഹാര്‍ദിക് പട്ടേലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി പരിഗണിക്കുന്നതിന് എന്താണിത്ര ധൃതിയെന്ന് കോടതി ചോദിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാനിരിക്കേയാണ് ഹാര്‍ദിക് പട്ടേലിന് തിരിച്ചടി കിട്ടിയിരിക്കുന്നത്.

ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ മഹാരാഷ്ട്ര, ഗുജറാത്ത് കോടതികളുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹാര്‍ദിക് പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അപേക്ഷയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.വിധി ഏപ്രില്‍ നാലിന് മുന്‍പായി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ ഹാര്‍ദികിന് തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍നിന്ന് മത്സരിക്കാനാകില്ല.

2015ല്‍ വിസ്‌നഗറില്‍ സംവരണ പ്രക്ഷോഭത്തിനിടെ എം.എല്‍.എ.യുടെ ഓഫീസ് തകര്‍ത്ത കേസില്‍ കഴിഞ്ഞ ജൂലായിലാണ് ഹാര്‍ദികിന് സെഷന്‍സ് കോടതി തടവ് വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞെങ്കിലും വിധി സ്റ്റേ ചെയ്തിരുന്നില്ല.

Top