Supreme Court Refuses To Hear JNU Student Kanhaiya Kumar’s Bail Plea

ന്യൂഡല്‍ഹി: ജാമ്യത്തിന് ഹൈക്കോടതിയെ സമീപിയ്ക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനോട് സുപ്രീം കോടതി.

കനയ്യ കുമാര്‍ എന്തുകൊണ്ട് ഇതുവരെ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു.

ജാമ്യത്തിനായി നേരിട്ട് സുപ്രീം കോടതിയെ സമീപിയ്ക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കോടതികളും സുരക്ഷിതമല്ലെന്ന കനയ്യയുടെ വാദം കോടതി അംഗീകരിച്ചില്ല.

അതേസമയം കനയ്യ കുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കനയ്യകുമാറിന് കോടതിയില്‍വെച്ച് മര്‍ദ്ദനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇടതുകാലിനും മൂക്കിന്റെ മുകള്‍ ഭാഗത്തും മര്‍ദ്ദനമേറ്റതിന്റെ മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടതിയില്‍ ഹാജരാക്കുന്നതിനിടയിലാണ് കനയ്യ കുമാറിനെ അഭിഭാഷക സംഘം ആക്രമിച്ചത്. മുദ്രാവാക്യം വിളിയോടെ അഭിഭാഷകര്‍ കൂട്ടത്തോടെ കനയ്യ കുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ പൊലീസിന്റെ ഗൂഢാലോചനയാണെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.

അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യ കുമാറിനെ മാര്‍ച്ച് രണ്ട് വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുന്നത്. പട്യാല ഹൗസ് കോടതിയ്ക്ക് മുന്നില്‍ ബി.ജെ.പി അനുകൂല അഭിഭാഷകരുടെ മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ കോടതിയിലെ സുരക്ഷിതത്വത്തില്‍ കനയ്യ കുമാര്‍ ആശങ്ക അറിയിച്ചിരുന്നു.

Top