സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഹിന്ദി പഠനം നിര്‍ബന്ധമാക്കാനാവില്ല. അത്തരമൊരു ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

ഹിന്ദി ഭാഷയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി ബിജെപി വക്താവ് അശ്വിനി ഉപാധ്യായയാണ് വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചത്.

Top