എൽഐസി പ്രാഥമിക ഓഹരി വിൽപന; ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ഡൽഹി: എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപനയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഓഹരി വിൽപന സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. നിയമഭേദഗതി ചോദ്യം ചെയ്ത ഹർജി ധനബില്ലുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം പരിഗണിക്കും.

ഒരു ഓഹരിക്ക് 902 മുതൽ 949 രൂപ എന്ന പ്രൈസ് ബാൻഡിലാണ് ഇനിഷ്യൽ പബ്ലിക് ഓഫർ. പോളിസി ഉടമകൾക്ക് 60 രൂപയും, റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ വീതവും ഓഹരി വിലയിൽ ഡിസ്‌കൗണ്ട് നൽകും. ഇന്നാണ് എൽഐസി ഓഹരി അലോട്ട്മെന്റ്. ഈ മാസം പതിനേഴിന് എൽഐസി ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെ 22.13 കോടി ഓഹരികളാണ് എൽഐസി വിൽക്കുന്നത്. 20,557.23 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

കമ്പനി മികച്ചതാണെങ്കിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഐപിഒ വഴി നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാം. എൽഐസി ഓഹരി വിൽപന ദേശവിരുദ്ധ നീക്കമെന്ന് വിമർശിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. രാജ്യതാത്പര്യത്തിന് വിരുദ്ധമായി കുത്തകൾക്കും സ്വകാര്യ മൂലധനത്തിനും എൽഐസി തുറന്നുകൊടുക്കുന്നതിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിഷേധമറിയിച്ചു.

Top