സ്ത്രീ പ്രവേശനം ശബരിമലയില്‍ ഒതുങ്ങില്ല; വിശാല ബെഞ്ചിന് മുന്നില്‍ മുസ്ലീം പള്ളി പ്രവേശനവും

ബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയത്തില്‍ സുപ്രീംകോടതി നടപടികള്‍ പുതിയ തലത്തിലേക്ക് നീങ്ങും. ഏഴംഗ വിശാല ബെഞ്ചിന് മുന്നിലേക്കാണ് ഇനി വാദപ്രതിവാദങ്ങള്‍ എത്തുക. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപ്പരിശോധന ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിട്ടത്.

അതേസമയം ശബരിമല കേസ് ഏതെങ്കിലും ഒരു മതത്തിന്റെ വിഷയമായി ഒതുങ്ങില്ലെന്ന അവസ്ഥയിലേക്കാണ് ഈ പ്രഖ്യാപനം വഴിതുറക്കുന്നത്. മതപരമായ ആചാരങ്ങളുടെ ഭാഗമായി ശബരിമലയ്ക്ക് പുറമെ മറ്റ് മതങ്ങളിലും നിലനില്‍ക്കുന്ന വിലക്കുകളാണ് പരമോന്നത കോടതി ഇനി പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ഗൊഗോയിയും, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്രം എന്നിവരാണ് വിശാല ബെഞ്ചിലേക്ക് ഹര്‍ജികള്‍ വിടാന്‍ വിധിയെഴുതിയത്.

എന്നാല്‍ വിശാല ബെഞ്ച് ശബരിമല സ്ത്രീ പ്രവേശനത്തിന് പുറമെ മതപരമായ മറ്റ് വിഷയങ്ങളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുസ്ലീം പള്ളികളില്‍ സ്ത്രീകളുടെ പ്രവേശനവും, ദാവൂദ് ബോഹ്‌റ സമുദായത്തില്‍ പെണ്‍കുട്ടികളിലെ ചേലാ കര്‍മ്മവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് വിശാല ബെഞ്ച് പരിഗണിക്കുക.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 10 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെയും, സ്ത്രീകളെയും ശബരിമലയില്‍ വിലക്കുന്ന വിധി നിയമവിരുദ്ധവും, ഭരണഘടനാ ലംഘനവുമാണെന്ന് വിധിച്ച് കോടതി റദ്ദാക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയ ആക്ടിവിസ്റ്റുകളെ ഭക്തര്‍ തന്നെ തടയുന്ന സാഹചര്യവും ഉണ്ടായി. ഇതിനെതിരെയാണ് പുനഃപ്പരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

Top