ലാവ് ലിന്‍ കേസില്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി : ലാവ് ലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ആറാഴ്ചത്തേക്ക് മാറ്റി.

കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

സി.ബി.ഐ കൂടി കേസില്‍ കക്ഷിചേരുന്ന സാഹചര്യത്തില്‍ എല്ലാ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കേസില്‍ സി.ബി.ഐ ഇതുവരെ ഹര്‍ജി നല്‍കിയിട്ടില്ലെന്നാണ് വിവരം.

കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികള്‍ ജസ്റ്റിസുമാരായ എന്‍.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെ വെള്ളിയാഴ്ച പരിഗണനക്ക് വന്നിരുന്നു.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കോടതി നടപടികള്‍ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. അതിനാല്‍ ഹൈക്കോടതി വിധി റദ്ദാക്കി പിണറായി വിജയനെ വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അപ്പീല്‍ നല്‍കാനാണ് സാധ്യത.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ഉണ്ടാക്കിയ കരാര്‍ വഴി പൊതുഖജനാവിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

2013 നവംബറിലാണ് പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത്.

Top