സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഡല്‍ഹിയിലെ എയിംസ്, ആര്‍എംഎല്‍ പോലുള്ള എതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇതില്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കാപ്പന്‍ തിരികെ മഥുര ജയിലിലേക്ക് പോകണമെന്നും ഉത്തരവില്‍ പറയുന്നു.

ജാമ്യത്തിനായി കാപ്പന്‍ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Top