സംസ്ഥാനങ്ങള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അംഗീകൃത ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ്‌ ഇല്ലെങ്കിലും റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി സുപ്രീം കോടതി. നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ് കൊവിഡ് കാലത്ത് റേഷന്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഈ മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയില്‍ ലൈംഗിക തൊഴിലാളികളെയും ട്രാന്‍സ്ജന്‍ഡറുകളെയും സഹായിക്കണമെന്നും ഭക്ഷണം ഉറപ്പ് വരുത്തണമെന്നും കോടതി നേരത്തെ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ലൈംഗിക തൊഴിലാളികളുടെ കൂട്ടായ്മയായ ദര്‍ബാര്‍ മഹിളാ സമാന്യയ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്സോടെ ജീവിക്കാന്‍ ഭക്ഷണവും പാര്‍പ്പിടവും സാമൂഹിക സുരക്ഷയും വേണമെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു.

Top