കേരളത്തില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ കൂടുതല്‍ വിവരാവകാശ അപേക്ഷകള്‍ വരും. ഈ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ ആവശ്യമുണ്ട്.

വിവരാവകാശ കമ്മീഷണര്‍മാരുടെ എണ്ണം പതിനൊന്നാക്കി വര്‍ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് എന്തുക്കൊണ്ടാണെന്നും ജസ്റ്റിസ് എസ്. അബ്ദുല്‍ നാസര്‍ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.

മുഖ്യ വിവരാവകാശ കമ്മീഷണര്‍, അഞ്ച് വിവരാവകാശ കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിച്ചതായി കേരളം കോടതിയെ അറിയിച്ചു. കേരളത്തോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

 

Top