ഡല്‍ഹിക്കാവശ്യമായ ഓക്‌സിജന്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം ഞായറാഴ്ച അര്‍ധരാത്രിയോടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓക്സിജന്‍ ലഭിക്കാത്തതിനാല്‍ ശനിയാഴ്ച പന്ത്രണ്ട് പേര്‍ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ചായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
അധികശേഖരം കൈവശമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ചനടത്തി അടിയന്തരമായി ഓക്സിജന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഓക്സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികള്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എല്‍ എന്‍ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച വാദം കേട്ടിരുന്നു. ശനിയാഴ്ചയും തുടര്‍ന്ന വാദത്തിന് ശേഷമാണ് നഗരത്തില്‍ ഓക്സിജന്‍ ക്ഷാമം അടിയന്തിരമായി പരിഹരിക്കാന്‍ കേന്ദസര്‍ക്കാരിന് നിര്‍ദേശം നല്‍കുന്ന 64 പേജടങ്ങിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ആവശ്യത്തിലധികം ഓക്സിജന്‍ നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഞായറാഴ്ച അര്‍ധരാത്രിയോടെ ഓക്സിജന്‍ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

വാക്സിന്‍ വിലയും വാക്സിന്റെ ലഭ്യതയും പുനഃപരിശോധിക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്സിന്‍ വിലനിര്‍ണയത്തെക്കുറിച്ചുള്ള ഹര്‍ജികളും കോടതി പരിശോധിച്ചിരുന്നു. കോവിഡ് വാക്സിന്‍ വിതരണത്തില്‍ ദേശീയ വാക്സിനേഷന്‍ മാതൃക സ്വീകരിക്കണമെന്നും വാക്സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളില്‍ സ്വകാര്യനിര്‍മാതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കരുതെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

 

Top