സിപിഎം ആവശ്യം ശരിവെച്ച് കോടതി; ത്രിപുരയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ത്രിപുരയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. വോട്ടെടുപ്പ് പുരോഗമിക്കുന്ന ത്രിപുരയില്‍ കഴിയുന്നത്ര വേഗത്തില്‍ സേനയെ എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമത്തിന് സാധ്യതയുണ്ടെന്ന് പ്രതിപക്ഷമായ സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാല്‍, ത്രിപുരയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്.

13 മുന്‍സിപ്പാലിറ്റികളിലേക്കുള്ള 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. അക്രമം തടയാന്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പര്യാപ്തമല്ലെന്ന് സി.പി.എമ്മും തൃണമൂലും ആരോപിക്കുന്നു.

2018ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. ഇതില്‍ മേല്‍ക്കൈ നേടേണ്ടത് ബി.ജെ.പിക്ക് അനിവാര്യമാണ്. നവംബര്‍ 28നാണ് ഫലപ്രഖ്യാപനം.

Top