supreme court order in kerala bar case

ന്യൂഡല്‍ഹി: ഫൈവ് സ്റ്റാര്‍ ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചതോടെ സര്‍ക്കാരും ബാര്‍ ഉടമകളും തമ്മിലുണ്ടായ ധാരണ പൊളിഞ്ഞു. മദ്യനയം പുനപരിശോധിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ ഉലയ്ക്കുന്ന കോഴ വെളിപ്പെടുത്തലിന് ഒരുങ്ങുകയാണ് ബാര്‍ ഉടമകള്‍.

സുപ്രീംകോടതിയില്‍ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചുപൂട്ടി ഫൈവ് സ്റ്റാര്‍ ബാറുകളും ബിവറേജ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നത് വിവേചനമാണെന്നു കണ്ട് നിലവാരമുള്ള മുഴുവന്‍ ബാറുകള്‍ക്കും സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കുമെന്നായിരുന്നു സര്‍ക്കാരിലെ ഉന്നതരുടെയും ബാര്‍ ഉടമകളുടെയും പ്രതീക്ഷ.

സുപ്രീംകോടതിയില്‍ മിനിറ്റിനു ലക്ഷങ്ങള്‍ വിലയുള്ള മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സല്‍വെയും അറ്റോണി ജനറല്‍ മുഗുല്‍ റോത്തഗിയുമാണ് ഹാജരായത്. അഭിഭാഷകരും കേസില്‍ വിജയം ഉറപ്പു നല്‍കിയിരുന്നു.

സുപ്രീംകോടതിയില്‍ അനുകൂല വിധി വരുന്നതോടെ ബാര്‍ കോഴ അടഞ്ഞ അധ്യായമായി മാറുമെന്നായിരുന്നു സര്‍ക്കാരിലെ ഉന്നതരുടെ പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങുന്നത്.

വിവാദ വെളിപ്പെടുത്തലുകളിലെ സത്യം പുറത്തുകൊണ്ടുവരാനുള്ള സാഹചര്യമാണ് വന്നിരിക്കുന്നതെന്നാണ് ബാര്‍ ഉടമ എലഗന്റ് ബിനോയ് പ്രതികരിച്ചത്. കൂടുതല്‍ മന്ത്രിമാര്‍ക്കെതിരെയുള്ള ബാര്‍ കോഴയുടെ തെളിവുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയയാളാണ് ബിനോയ്. സുപ്രീംകോടതി വിധി വരെ കാത്തിരിക്കുമെന്നും ബിനോയ് പറഞ്ഞിരുന്നു.

ബാര്‍ കോഴയില്‍ ആരോപണ വിധേയനായ കെ.എം മാണിക്കു മാത്രമാണ് മന്ത്രി സ്ഥാനം നഷ്ടമായത്. എക്‌സൈസ് മന്ത്രി കെ. ബാബു, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ബാര്‍ ഉടമകള്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

കേരളത്തിലെ 730 ബാറുകളില്‍ 27 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ അനുവദിച്ചെങ്കിലും ബാര്‍ ഉടമകള്‍ തൃപ്തരല്ല.

Top