നിര്‍ദേശ ഉത്തരവുകളിടാന്‍ ലോകായുക്തക്കോ ഉപലോകായുക്തക്കോ അധികാരമില്ല; സുപ്രീംകോടതി

ദില്ലി: ലോകായുക്തയെ തിരുത്തി സുപ്രീംകോടതി ഉത്തരവ്. നിര്‍ദേശ ഉത്തരവുകളിടാന്‍ ലോകായുക്തക്കോ ഉപലോകായുക്തക്കോ അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.ശുപാര്‍ശകള്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനേ അധികാരമുള്ളൂവെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി . റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹീല്‍ദാറിനോട് ഉപലോകായുക്ത നിര്‍ദേശിച്ചിരുന്നു.

ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്തയുടെ അധികാരങ്ങള്‍ സുപ്രീംകോടതി ഓര്‍മിപ്പിച്ചത് . ഉപലോകായുക്ത ഉത്തരവും ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. 1999ലെ കേരള ലോകായുക്ത ആക്ടിലെ സെക്ഷന്‍ 12(1 ) പ്രകാരം ലോകായുക്തയ്ക്ക് ഉത്തരവിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഹാജരായി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.

Top