സിസേറിയന് മാര്‍ഗനിര്‍ദേശം; പൊതുതാത്പര്യ ഹര്‍ജി തള്ളി, പിഴ വിധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിസേറിയന്‍ നടത്തുന്നതിന് ആശുപത്രികള്‍ക്കു പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി.

നിയമ നടപടികളെ അധിക്ഷേപിക്കുന്നതാണ് പൊതുതാത്പര്യ ഹര്‍ജിയെന്നു വിലയിരുത്തിയ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഹര്‍ജിക്കാരനു 25,000 രൂപ പിഴയും വിധിച്ചു.

എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എത്രമാത്രം തുക ചെലവു വേണമെന്നാണ് നിങ്ങള്‍ പറയുന്നത് നിങ്ങള്‍ പറയൂ. സിസേറിയന്‍ പ്രസവങ്ങള്‍ക്ക് കോടതി ഏതു രീതിയിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നാണ് നിങ്ങള്‍ പറയുന്നത് ഇതൊരു പൊതുതാത്പര്യ ഹര്‍ജിയാണോ ഇതു പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കണമെന്നാണ് നിങ്ങള്‍ വാദിക്കുന്നതെങ്കില്‍ നിയമ നടപടി ക്രമങ്ങളെ അധിക്ഷേപിക്കുകയാണെന്നു വിലയിരുത്തേണ്ടി വരും- കോടതി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികള്‍ പണമുണ്ടാക്കുന്നതിനായി അനാവശ്യമായി സിസേറിയനിലൂടെയുള്ള പ്രസവം നടത്തുകയാണെന്ന് ആരോപിച്ച് റീപക് കന്‍സല്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്.

എന്നാല്‍, അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ സിസേറിയന്‍ നടത്താവൂയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നതെന്നും ഇന്ത്യയില്‍ ഇതു പണമുണ്ടാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ ഉപാധിയാണെന്നുമായിരുന്നു റീപക് കന്‍സലിന്റെ വാദം.

സ്വകാര്യ ആശുപത്രികളിലാണ് സിസേറിയന്‍ കൂടുതലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു കുറവാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.

Top