ഉന്നാവോ കേസില്‍ നീതിപൂര്‍വ്വവും വേഗത്തിലുമുള്ള വിചാരണയാണ് ആഗ്രഹിക്കുന്നത്; സുപ്രീംകോടതി

supreeme court

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ നീതിപൂര്‍വ്വവും വേഗത്തിലുമുള്ള വിചാരണയാണ് ആഗ്രഹിക്കുന്നതെന്ന് സുപ്രീംകോടതി.ഉന്നാവോ വാഹന അപകടക്കേസിലെ അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന സിബിഐയുടെ ആവശ്യം പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി സിബിഐ കോടതിയെ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രാവിലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാള്‍ക്കുനേരെയും വധശ്രമമുണ്ടായിരുന്നു.

ജൂലൈ 28നായിരുന്നു റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

അതേസമയം ഉന്നാവോ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ ഡല്‍ഹി തീസ് ഹസാരി കോടതി പീഡനക്കുറ്റം ചുമത്തിയിരുന്നു. പോക്‌സോ നിയമം ഉള്‍പ്പെടെയാണ് സെന്‍ഗറിനെതിരെ കോടതി ചുമത്തിയത്.

Top