തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി; സംവരണക്രമം മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണക്രമം മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. തിരെഞ്ഞടുപ്പ് പൂര്‍ത്തിയായതിനാല്‍ സംവരണക്രമം മാറ്റുന്നതിനായി ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ത് ഗുപ്തയും അടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി സ്ഥിരമായി സംവരണം ചെയ്യരുതെന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എം. ആര്‍. അഭിലാഷ് വാദിച്ചു. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ചട്ടം നിരന്തരം ലംഘിക്കുകയാണെണെന്നും അദ്ദേഹം ആരോപിച്ചു.

നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം നിശ്ചയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചാല്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നാണ് ചട്ടമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Top