കടല്‍ക്കൊല കേസ്; കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേസിന്റെ വിചാരണ ഇറ്റലിയില്‍ നടത്തണമെന്ന രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേള്‍ക്കാതെ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കക്ഷിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

കേസ് പിന്‍വലിക്കാന്‍ എന്തുകൊണ്ടാണ് വിചാരണ കോടതിയെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. വിചാരണ കോടതിയിലെ നടപടികളില്‍ ഇരകളായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കക്ഷികളാണ്. അവര്‍ക്ക് അവിടെ നിലപാട് അറിയിക്കാന്‍ കഴിയും. എന്നാല്‍ സുപ്രീം കോടതിയിലെ കേസില്‍ അവര്‍ കക്ഷികള്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

അതേസമയം ഇരകളായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഇറ്റലിയോട് ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം നല്‍കിക്കൊണ്ടുള്ള ചെക്ക് ഹാജരാക്കിയാല്‍ മാത്രമേ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഒരാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതി ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.

Top